പ്ലീസ്, ഞങ്ങള്‍ക്ക് മുസ്ലിം അയല്‍വാസിയെ വേണം; മാധ്യമങ്ങള്‍ ഞങ്ങളെ വിഭജിക്കരുത്
Saturday, January 2, 2010
വിനീത് നാരായണന്‍ നമ്പൂതിരി
vineethnamboothiri@gmail.com
(ഇന്നു രാവിലെ ഇ-മയിലില്‍ കിട്ടിയ ഈ ലേഖനം കാലിക പ്രസക്തി പരിഗണിച്ച് ഇവിടെ പകര്‍ത്തുന്നു)
ബംഗളൂരുവിലെ ഇലക്ട്രോണിക് സിറ്റിയിലെ ഒരു സോഫ്റ്റ്വെയര്‍ കമ്പനിയില്‍ കഫറ്റീരിയയില്‍വെച്ചുള്ള സംഭാഷണമധ്യേ സുഹൃത്ത് ആല്‍ബര്‍ട്ട് കുര്യാക്കോസ് പറഞ്ഞു: 'ഞാന്‍ ഇപ്പോള്‍ അഷ്റഫിനെ ഫോണില്‍ വിളിക്കാറില്ല.'
'അതെന്താ?' ആല്‍ബര്‍ട്ട് വിശദീകരിച്ചു:
'നാട്ടില്‍ നിന്ന് മമ്മി വിളിക്കുമ്പോള്‍ കര്‍ശനമായ ഓര്‍ഡറുണ്ട്, മുസ്ലിം കുട്ടികളുമായി ഫോണ്‍ ചെയ്യരുതെന്ന്. കല്യാണം അടുത്തുവരികയല്ലേ, എന്തിനാ വെറുതെ റിസ്ക് എടുക്കുന്നത്?'
ആ ഉത്തരം കേട്ടപ്പോള്‍ ഞാന്‍ ശരിക്കും തരിച്ചിരുന്നുപോയി. എന്‍ജിനീയറിങ് പഠനകാലത്ത് അഞ്ച് വര്‍ഷത്തോളം ഒരുമിച്ച് ഭക്ഷണം കഴിച്ച് ഒരുമിച്ച് ഉറങ്ങിയവരില്‍ ഇന്ന് വിശ്വാസം നഷ്ടപ്പെട്ടിരിക്കുന്നു. അതിലപ്പുറം ഇന്ന് കോട്ടയത്തുള്ള ആല്‍ബര്‍ട്ടിന്റെ മമ്മി ഭയപ്പെടുകയാണ്, തന്റെ മകന്‍, മുസ്ലിം പിള്ളേരെ ഫോണ്‍ ചെയ്താല്‍ തീവ്രവാദി ബന്ധത്തിന് അറസ്റ്റ് ചെയ്യപ്പെടുമോ എന്ന്? രാജ്യദ്രോഹം, പൊലീസ്, തടങ്കല്‍ ഇവ എല്ലാവരെയും ഭയപ്പെടുത്തുന്നത് തന്നെ.
ഇന്ന് മലയാളമാധ്യമങ്ങളുടെ വാര്‍ത്താ റിപ്പോര്‍ട്ടിങ് കേരളത്തില്‍ പ്രമുഖമതങ്ങളുടെ വന്‍ ചേരിതിരിവിന് ആക്കംകൂട്ടുകയാണ്. ചെന്നായയെപ്പോലെ ഈ രക്തം കുടിക്കാന്‍ രാഷ്ട്രീയപാര്‍ട്ടികളും. ഒരുപക്ഷേ, കേരളത്തിലെ രണ്ട് പ്രമുഖ പത്രങ്ങളുടെ ജാതി രാഷ്ട്രീയവിധേയത്വമാവാം ഇതിന് പിന്നില്‍. അപ്പോഴെല്ലാം കുന്തമുനകള്‍ തിരിക്കുന്നത് ഒരു സമുദായത്തിനുനേരെ മാത്രം ആകുമ്പോള്‍ കൊലചെയ്യപ്പെടുന്നത് കേരളത്തിലെ സൌഹാര്‍ദാന്തരീക്ഷമാണ്. ദേശസ്നേഹത്തിന്റെ തിരുപ്പിറവിക്കല്ല വര്‍ഗീയതയുടെ വന്‍ തീനാളങ്ങള്‍ക്കാണ് ഈ മാധ്യമ പ്രവര്‍ത്തനം തിരികൊളുത്തുന്നത്. സര്‍ക്കുലേഷന്‍, രാഷ്ട്രീയ വൈരാഗ്യം, പത്രമുതലാളി/ജാതി വിധേയത്വം എന്ന ഒരു ത്രിയേകത്വത്തില്‍ പത്രപ്രവര്‍ത്തനം നടത്തുന്ന കേരളമാധ്യമങ്ങള്‍ ഒരു പുതിയ ഭ്രാന്താലയത്തിലേക്കാണ് ബി.ഒ.ടി പാത വിരിക്കുന്നത്. അതിന് ഊര്‍ജം നല്‍കുന്നതാവട്ടെ, പഴയ വിമോചനസമരത്തിലെ കോണ്‍ഗ്രസും മുസ്ലിംലീഗും. ഈ ക്രമസമാധാന ഭംഗത്തിനെതിരെ മതമൈത്രിയില്‍ വിശ്വസിക്കുന്നവര്‍ രംഗത്തിറങ്ങിയേ മതിയാവൂ. സൌഹാര്‍ദകാംക്ഷികളുടെ കാലിക ചുമതലയാണിത്.
ഇവിടെ സൂഫിയാ മഅ്ദനിയോ പി.ഡി.പിയോ അല്ല പ്രശ്നം. ഒരു സമുദായത്തെ മൊത്തം പ്രതിക്കൂട്ടില്‍ കയറ്റുന്നതാണ്. കോടതിക്കു മുമ്പേ വിധി പ്രസ്താവിക്കുന്ന മാധ്യമഭീകരത സമുദായങ്ങള്‍ക്കിടയില്‍ സൃഷ്ടിക്കുന്ന വിഭജനം മതേതരകാംക്ഷികളുടെ ഉള്ളുലയ്ക്കുന്നു. മുമ്പ് കേരളത്തില്‍ ഒരു തപാല്‍ബോംബ് പിടികൂടി. പ്രതിയെക്കുറിച്ച് മാധ്യമങ്ങളുടെ അപസര്‍പ്പകകഥകള്‍. 'ഇത് ഇന്ത്യയില്‍ ആദ്യത്തേത്'. 'തീരദേശം വഴിയുള്ള ലശ്കര്‍ ബന്ധം'.......... യുവാവിന്റെ വീട്ടില്‍ ഉണ്ടായിരുന്ന മുസ്ലിം മാസികയിലേക്ക് ചാനല്‍ കണ്ണുകള്‍ ആഴ്ന്നിറങ്ങി. അവ ആയിരത്തൊന്നുവട്ടം പ്രക്ഷേപണം ചെയ്തു.
യഥാര്‍ഥ പ്രതിയെ പിടിച്ചപ്പോള്‍ ദേശീയപത്രങ്ങളെന്നു വീമ്പ് പറയുന്നവര്‍ ചരമകോളത്തിനു താഴെ ഒരു കൊച്ചുവാര്‍ത്ത. മാത്രമല്ല, ആ ഭാരതീയയുവാവിന് മനോരോഗമുണ്ടെന്ന വെളിപ്പെടുത്തലും. ആര്‍ക്കാണിന്ന് മുസ്ലിംഭീകരതയുടെ മനോരോഗം പിടിപെട്ടിരിക്കുന്നതെന്ന് മനസ്സിലാക്കാന്‍ അതിബുദ്ധി ആവശ്യമില്ല എന്ന് സൂചിപ്പിക്കാനാണ് ഈ സംഭവം വിവരിച്ചത്.
അതിന്റെ മറ്റൊരു രൂപമായാണ് സൂഫിയാ കീചകവധം രംഗത്തെത്തുന്നത്.
സൂഫിയാ മഅ്ദനിയുടെ അറസ്റ്റിനു മുമ്പേ മാധ്യമങ്ങള്‍ അച്ചടിനിരത്തി, ഒരു ഭാഗ്യലേലക്കാരന്റെ അറിയിപ്പുപോലെ^അറസ്റ്റ് ഇന്ന്, നാളെ, മറ്റന്നാള്‍! മലയാളത്തിലെ മുന്നിട്ടുനില്‍ക്കുന്ന ചാനലിലെ മഹിളാമണിയുടെ ചോദ്യം: 'സൂഫിയയുടെ അറസ്റ്റ് വൈകുന്നതിനെക്കുറിച്ച് താങ്കളുടെ അഭിപ്രായമെന്ത്?' അറസ്റ്റ് ചെയ്യണം എന്നത് കട്ടായം! പ്രതിയാണ്, കുറ്റസമ്മതം നടത്തിയെന്ന് 'മനോരമ', 'മാതൃഭൂമി'പത്രങ്ങളുടെ മൂന്നു ദിവസത്തെ പ്രധാന വാര്‍ത്തയായിരുന്നു. അതിനുവേണ്ടി അരപേജ് നീക്കിവെച്ചവര്‍, മഅ്ദനിയുടെ നിഷേധക്കുറിപ്പ് കൊടുത്തത് ഉള്ളിലെ ഒരു പേജില്‍ മൂന്ന് സെന്റിമീറ്റര്‍ സ്ക്വയറില്‍ ഒരു വരിയിലും! നിരാഹാരം നിയമവാഴ്ചയോടുള്ള വെല്ലുവിളി, കുട്ടികളെ നിരാഹാരത്തിന് പ്രേരിപ്പിച്ചതിന് മഅ്ദനിയെ സെന്‍ട്രല്‍ ജയിലില്‍ അയക്കാന്‍ വകുപ്പുണ്ട്, ബംഗളൂരു, വിയ്യൂര്‍ ജയിലുകളില്‍ സൂഫിയക്കുവേണ്ടി ഷീറ്റ് വിരിച്ചുവെച്ചു എന്ന രീതിയിലുള്ള പ്രചാരണം.
ആടിനെ കാണിച്ച് പേപ്പട്ടിയെന്ന് ആവര്‍ത്തിക്കുമ്പോള്‍ അതുമാത്രം കേള്‍ക്കുന്നവരെങ്കിലും വിശ്വസിക്കുന്നു. ആ പട്ടി കാലില്‍ കടിക്കുമെന്ന്. തുടര്‍ ഉദ്ധരണികള്‍ ഉതിരുമ്പോള്‍ നമ്മളും അറിയാതെയെങ്കിലും കാലിന്റെ സുരക്ഷ ഉറപ്പുവരുത്തുന്നു. കോടിയേരിയും ബേബിമാരും അങ്ങനെ ഓടിയൊളിക്കുന്നു. ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും ആടിന് വെള്ളം നല്‍കുന്നു. മുസ്ലിംലീഗാവട്ടെ, 'രാജ്യസ്നേഹ'ഭ്രമത്തില്‍ കണങ്കാലില്‍ നിന്ന് ഒരു കഷണം തന്നെയെടുത്ത് ആടിനു നീട്ടി വെച്ചുകൊടുക്കുന്നു! അച്ഛന്‍ പത്തായത്തിലുമില്ലെന്നാകുമോ ഒരു മുഴം മുന്നേയുള്ള ഈ ഏറിന്റെ ധ്വനി? ഇന്ത്യാവിഭജനത്തില്‍ തുടങ്ങി മാറാടും കടന്നു മുന്നോട്ടു പോകുന്നുണ്ട് സാമുദായികതയുടെ ഈ രാഷ്ട്രീയ ലാഭേച്ഛ. അബ്ദുറഹ്മാന്‍ രണ്ടത്താണി എം.എല്‍.എ ഒരു തുള്ളി ഹിന്ദുതേന്‍ പുരട്ടി 'മാതൃഭൂമി'യില്‍ ലേഖനമെഴുതുന്നതോ സമദാനിയുടെ ഉച്ചാരണഭംഗം തീരാത്ത സംസ്കൃത കാവ്യങ്ങളോ അല്ല, കാലിക ക്രിയാത്മകപ്രതികരണമാണ് ആവശ്യം. എന്‍.ഡി.എഫ് ഉദയംചെയ്തിരിക്കുന്നത് മുസ്ലിംലീഗ് കോട്ടകളില്‍നിന്നാണ്. കശ്മീരില്‍ കൊല്ലപ്പെട്ടവരും മറ്റും ഉള്‍ക്കൊള്ളുന്ന കണ്ണൂര്‍സിറ്റി ഏരിയ ആരുടെ ശക്തികേന്ദ്രമാണ്?
ഇവിടെ ബംഗളൂരുവില്‍ കപ്പലണ്ടി വിറ്റ് നടക്കുന്നവരിലും ബേക്കറിയും കൊച്ചു ചായക്കടകളും നടത്തുന്നവരില്‍ മഹാഭൂരിപക്ഷവും കണ്ണൂര്‍ക്കാരും മുസ്ലിം സമുദായക്കാരുമാണ്. സമുദായം മുഴുവന്‍ പാര്‍ശ്വവത്കരിക്കപ്പെടുകയും തെറ്റിദ്ധരിക്കപ്പെടുകയും ചെയ്യുമ്പോള്‍ പിറക്കുന്ന തീവ്രവാദം ഗുരുതരമായിരിക്കും. ഇന്ന് മാധ്യമങ്ങളും വലതു രാഷ്ട്രീയപാര്‍ട്ടികളും തീവ്രവാദികളെ സൃഷ്ടിക്കുകയാണ് ചെയ്യുന്നത്. ഇ. അഹമ്മദിനുവേണ്ടി മാത്രം പ്രതിരോധം തീര്‍ക്കുകയല്ല രണ്ടത്താണിമാര്‍ ചെയ്യേണ്ടത്. ശബാന ആസ്മിക്കും ഷാരൂഖ്ഖാനും ബാന്ദ്രയിലും നവിമുംബൈയിലും ഫ്ലാറ്റ് ലഭിക്കാത്തതുപോലെ സാമുദായികമായി ഒറ്റപ്പെടുന്ന കാലത്ത്, ഭരണഘടനാ സഭയിലെ തൊപ്പിവെച്ച ആനയായിരുന്നു ഖാഇദെ മില്ലത്ത് എന്നും മതേതരത്വത്തിന്റെ വെള്ളമാലാഖയായിരുന്നു ശിഹാബ് തങ്ങളെന്നും പറയുമ്പോഴേക്കും സൂര്യന്‍ അസ്തമിച്ചുകഴിഞ്ഞിരിക്കും. ഞങ്ങള്‍ക്ക് മുസ്ലിം സഹോദരന്മാരെ അയല്‍വാസികളായി താമസിപ്പിക്കാന്‍ കഴിയണം. മുംബൈയിലെ സ്വന്തം ഫ്ലാറ്റ് മുസ്ലിംകള്‍ക്ക് വാടകക്ക് നല്‍കാന്‍ അനുവാദമില്ലാത്ത റസിഡന്റ് അസോസിയേഷനിലാണ് ഞാന്‍ ഉള്‍പ്പെടെയുള്ളവര്‍ ജീവിക്കുന്നത്. കേരളത്തില്‍ അത് ആവര്‍ത്തിക്കരുത്. അതിനാല്‍, 'മാതൃഭൂമി'യും 'മനോരമ'യും ഉള്‍പ്പെടെ കേരളമാധ്യമങ്ങള്‍ പുനരാലോചന നടത്തണം. ഈ രീതി അവസാനിപ്പിക്കണം. ഞങ്ങള്‍ക്ക് മുസ്ലിം അയല്‍വാസികള്‍ വേണം. പ്ലീസ്, ദയവുചെയ്ത് അവരെ വിഭജിക്കരുത്. കാരണം, ഞങ്ങള്‍ ഇപ്പോഴും അവരെ സ്നേഹിക്കുന്നു. അവര്‍ നല്ലവരായ ഇന്ത്യക്കാര്‍തന്നെ, നിങ്ങള്‍ മാധ്യമങ്ങള്‍ അങ്ങനെ ധരിക്കുന്നില്ലെങ്കിലും!
(മുംബൈയില്‍ സോഫ്റ്റ്വെയര്‍ എന്‍ജിനീയറാണ് ലേഖകന്‍)
_________________________
Wednesday, April 14, 2010
Subscribe to:
Post Comments (Atom)
"ഞങ്ങള്‍ക്ക് മുസ്ലിം അയല്‍വാസികള്‍ വേണം. പ്ലീസ്, ദയവുചെയ്ത് അവരെ വിഭജിക്കരുത്. കാരണം, ഞങ്ങള്‍ ഇപ്പോഴും അവരെ സ്നേഹിക്കുന്നു. അവര്‍ നല്ലവരായ ഇന്ത്യക്കാര്‍തന്നെ, നിങ്ങള്‍ മാധ്യമങ്ങള്‍ അങ്ങനെ ധരിക്കുന്നില്ലെങ്കിലും.."
ReplyDeleteസമ്മതിച്ചു.
മുസലിം മതസ്ഥര്‍ക്ക് ഇവിടെ ജീവിക്കാന്‍ ആരുടേയും സര്‍ട്ടിഫിക്കറ്റ് വേണ്ട. അവര്‍ മറ്റാരെക്കാളും നന്മ നിറഞ്ഞവര്‍ തന്നെ.അവര്‍ സ്വാതന്ത്ര സമരങ്ങളിലും പ്രധാന സംഭവങ്ങളിലും നിര്‍ണായക സാന്നിധ്യമായിരുന്നു. കേരളത്തില്‍ മാത്ര്ഭൂമിയും മനോരമയും ജന്ഭൂമിയും മറ്റു തെമ്മാടിക്കൂട്ടങ്ങളും ചേര്‍ന്ന് അവരെ ദ്രോഹിക്കുന്നുണ്ട്.
എങ്കിലും ഒരു ചോദ്യം, ആരാണ് മുസ്ലിന്കളെ ഈ രൂപത്തിലേക്ക് ആക്കിയാത്?
ഹിന്ദുവോ ക്രിസ്ത്യനോ അതോ ബുദ്ധനോ?
ആരുമല്ല. മുസ്ലിംകളുടെ ഇന്നത്തെ ദുര്‍വിധിക്ക് കാരണം മുസ്ലിംകള്‍ തന്നെയാണ്.
ഈ കാര്യം ഏതു നമ്പൂതിരിക്കും അറിയാം..!
thnaks
ReplyDeleteസത്യമുണ്ടതിൽ
ReplyDeleteദുഖമുണ്ട്
താങ്കള്‍ പറഞ്ഞതിനോട് യോജിക്കുന്നു OMR. മുംസ്‌ലിംകളുടെ ഈ ദുരവസ്ഥയ്ക്ക് കാരണം മുസ്ലിംകള്‍ തന്നെയാണ്; പ്രത്യേകിച്ച് മുസ്‌ലിം പണ്ഡിതന്മാര്‍.
ReplyDeleteഇത് പ്രവാചകന്‍ മുഹമ്മദ് (സ) ന്‍റെ ഒരു പ്രവചനത്തിന്‍റെ പൂര്‍ത്തീകരണം കൂടിയാണ്. അവസാന കാലത്തെ പന്‍ഡിതന്മാര്‍ "ആകാശത്തിന്‍ കീഴിലെ ഏറ്റവും നികൃഷ്ട ജീവികള്‍ ആയിരിക്കും, എല്ലാ കുഴപ്പങ്ങളും അവരില്‍ നിന്ന് ഉത്ഭവിച്ച് അവരില്‍ തന്നെ അവസാനിക്കും" എന്ന് നബി 1500 വര്‍ഷം മുമ്പ് തന്നെ പറഞ്ഞിരിക്കുന്നു. ആ കാലത്തെ മുസ്‌ലിം സമൂഹം ഒഴുക്കില്‍ പെട്ട ചണ്ടിപോലെ ആയിരിക്കും എന്നും മറ്റും പല ഉപമകളും പ്രവാചകന്‍ പറഞ്ഞിട്ടുണ്ട്. അതൊക്കെ അക്ഷരാര്‍ഥത്തില്‍ ഇന്നു പുലര്‍ന്നതായി കാണുമ്പോള്‍ ആശ്ചര്യം തോന്നുന്നു. ഈ ദുരവസ്ഥയില്‍ നിന്നു മുസ്‌ലിംകളെ രക്ഷിക്കാന്‍ ആരുമില്ലേ??