Sunday, April 25, 2010

അന്യ ഗ്രഹജീവികള്‍ യാഥാര്‍ത്ഥ്യമോ?

ലണ്ടന്‍: ഭൂമിയില്‍ മാത്രമല്ല, അന്യ ഗ്രഹങ്ങളിലും പ്രപഞ്ചത്തിന്‍റെ അപാരതയിലെ നക്ഷത്രങ്ങളിലുമൊക്കെ ജീവജാലങ്ങള്‍ ഉണ്ടെന്ന് വിഖ്യാത ഭൗതിക ശാസ്ത്രജ്ഞന്‍ സ്റ്റീഫന്‍ ഹോക്കിഗ് തറപ്പിച്ചു പറയുന്നു. (കേരള കൗമുദി, 26-04-2010)

ഈ വാര്‍ത്തയുടെ പശ്ചാത്തലത്തില്‍ പോസ്റ്റ് പുനഃപ്രസിദ്ധീകരിക്കുന്നു


നിതാന്ത നിശബ്ദതയുടെ അപാര തീരങ്ങളിലൂടെ ഏകാന്ത മൂകമായി ചുറ്റിക്കറങ്ങിക്കൊണ്ടിരിക്കുന്ന ഭൂമിക്ക് അതിന്‍റെ അറിവിന്‍റെ വിസ്മയങ്ങളും ഹൃദയ വികാരങ്ങളും പങ്കുവെയ്ക്കാന്‍ ഈ പ്രപഞ്ചത്തില്‍ മറ്റാരുമില്ലേ? ശാസ്ത്രം സന്ദേഹിയുടെ വിഹ്വലതയോടെ വളരെക്കാലമായി ഭൂമിക്ക് പുറത്ത് ജീവന്‍റെ തുടിപ്പുകള്‍ക്കായി അന്വേഷണം ആരംഭിച്ചിട്ട്. എന്നാല്‍ ഭൗമേതര ജീവികളുടെ അസ്തിത്വത്തെ സംബന്ധിച്ച് വ്യക്തമായ തെളിവുകളൊന്നും ഇന്നേവരെ ലഭിച്ചിട്ടില്ലെങ്കിലും അതിനുള്ള സാധ്യത ശാസ്ത്രജ്ഞര്‍ അപ്പാടെ തള്ളിക്കളഞ്ഞിട്ടുമില്ല.

ഈ വിഷയത്തില്‍ വിശുദ്ധ ഖുര്‍‌ആന്‍ എന്തു മാര്‍ഗദര്‍ശനം നല്‍കുന്നു എന്നു പരിശോധിക്കുകയാണ് ഇവിടെ.

വിശുദ്ധ ഖുര്‍‌ആന്‍ ശാസ്ത്ര ഗ്രന്ഥമല്ല. മനുഷ്യന്‍റെ ആത്മീയ പുരോഗതിയെ ലക്ഷ്യമാക്കിയുള്ളതാണ് വിശുദ്ധ ഖുര്‍‌ആനിലെ അധ്യാപനങ്ങള്‍. എന്നാല്‍, വിശുദ്ധ ഖുര്‍‌ആന്‍ സര്‍‌വ്വജ്ഞനായ ദൈവത്തിന്‍റെ വചനമാണെന്നു വിശ്വസിക്കുന്ന ഏതൊരാള്‍ക്കും ദൈവം സൃഷ്ടിച്ച ഈ പ്രപഞ്ച വ്യവഥയില്‍ അവന്‍റെ വചനത്തിന് വിരുദ്ധമായതൊന്നും ഉണ്ടാകാന്‍ പാടില്ല എന്ന ഒരു ലോജിക്കില്‍ വിശ്വസിക്കല്‍ ഒഴിച്ചുകൂടാന്‍ പറ്റാത്തതാണ്. അതായത്, വ്യക്തമായ ശാസ്ത്രീയ പിന്‍ബലത്തോടെ തെളിയിക്കപ്പെട്ട സംഗതികള്‍ക്കെതിരായ വചനങ്ങള്‍ വിശുദ്ധ ഖുര്‍‌ആനില്‍ ഉണ്ടാകാന്‍ പാടില്ല.

പുരാതന കാലത്തെ എല്ലാ തത്ത്വജ്ഞാനികളും മത പുരുഷന്മാരും വെച്ചു പുലര്‍ത്തിയിരുന്ന വീക്ഷണങ്ങളുമായി തട്ടിച്ചു നോക്കുമ്പോള്‍ വിശുദ്ധ ഖുര്‍‌ആന്‍ അവതരിപ്പിക്കുന്ന പ്രപഞ്ച ദര്‍ശനത്തിന് ധ്രുവങ്ങള്‍ തമ്മിലുള്ള അന്തരമുണ്ട്. വിശുദ്ധ ഖുര്‍‌ആന്‍ അവതരിക്കുന്ന കാലത്ത് ഗ്രീക്ക് ഖഗോള ശാസ്ത്രമായിരുന്നു ലോകത്തെങ്ങുമുള്ള ജനമനസ്സുകളില്‍ അധീശത്വം പുലര്‍ത്തിയിരുന്നത്. അക്കാലത്തെ സംസ്കാരങ്ങളെല്ലാം ഗ്രീക്ക് പ്രപഞ്ച സങ്കല്പ്പത്തിന്‍റെ സ്വാധീനത്തിലുമായിരുന്നു. കോപ്പര്‍നിക്കസിന്‍റെ കാലം വരെ ഇതു തുടര്‍ന്നു.

ഭൂമിക്ക് പ്രപഞ്ചത്തില്‍ അതുല്യ സഥാനമാണുള്ളതെന്നും, അതുപോലൊന്ന് പ്രപഞ്ചത്തില്‍ എവിടെയും നിലനില്‍ക്കുന്നില്ല എന്നും, ഭൂമി സ്ഥിരമായി ഒരു സ്ഥലത്ത് നില്‍ക്കുകയാണെന്നും ആകാശമെല്ലാം അതിനെ ചുറ്റിക്കൊണ്ടിരിക്കയാണെന്നും ആയിരുന്നു സങ്കല്പ്പം.

ഈ പ്രപഞ്ച സങ്കല്പം വ്യക്തമായും മറ്റെവിറ്റെയെങ്കിലും ജീവനുണ്ട് എന്ന സാധ്യതയെ നിരാകരിക്കുന്നു. ജീവനുള്ള ഒരേയൊരു ഗ്രഹമായ ഈ ഭൂമി അക്കാശത്തിനു മധ്യേ തൂങ്ങി നില്‍ക്കുകയാണെന്നായിരുന്നു അക്കാലത്തുള്ളവരുടെ ധാരണ.

എന്നാല്‍ വിശുദ്ധ ഖുര്‍‌ആനില്‍ ഇതിനു വിരുദ്ധമായ പ്രസ്താവനകളാണ് നാം കാണുന്നത്. ഭൂമിയുടെ അതുല്യതയോ, അതു സ്ഥിരമായി നില്‍ക്കുന്നതാണെന്നോ വിശുദ്ധ ഖുര്‍‌ആന്‍ അംഗീകരിക്കുന്നില്ല. ഭൂമിയെ കൂടാതെ മറ്റുഭൂമികള്‍ ഉണ്ടെന്നു വിശുദ്ധ ഖുര്‍‌ആന്‍ പ്രഖ്യാപിക്കുന്നു:

"ഏഴ് ആകാശങ്ങളേയും അതുപോലെയുള്ള അതിന്‍റെ ഭൂമിയെയും സൃഷ്ടിച്ചവനത്രേ അല്ലാഹു" (65:12)

ഇവിടെ ഒരു കാര്യം വിശദീകരിക്കേണ്ടതുണ്ട്. ഈ വചനത്തിലേയും ഇതുപോലുള്ള മറ്റു വചനങ്ങ്നളിലേയും ഏഴ് എന്ന എണ്ണം ഒരു പ്രത്യേക സാങ്കേതിക പദമായി കണക്കാക്കേണ്ടിയിരിക്കുന്നു. അത് അര്‍ഥമാക്കുന്നത് ഈ പ്രപഞ്ചം ആകാശങ്ങളുടെ അനേകം ഘടകങ്ങള്‍ ചേര്‍ന്നതാണ്. ഓരോന്നും ഏഴു വീതമുള്ള (ഒരു പൂര്‍ണ്ണ സംഖ്യ) ഗ്രൂപ്പുകളായി വിഭജിച്ചിരിക്കുന്നു. ഓരോന്നിനും ഓരോ ഭൂമിയുണ്ട് അതിലെ മുഴുവന്‍ ആകാശവും ആ ഭൂമിക്ക് സഹായകമായി വര്‍ത്തിക്കുന്നു.

പൊതുവെ ഇങ്ങനെ പറയുമ്പോള്‍, ഭൗമേതര ജീവികളെക്കുറിച്ച് കൂടുതല്‍ സവിശേഷമായ രീതിയില്‍ താഴെ പറയുന്നപ്രകാരം ഒരു വചനം വിശുദ്ധ ഖുര്‍‌ആനില്‍ പ്രതിപാദിച്ചതായി കാണാം:

"ആകാശങ്ങളുടെയും ഭൂമിയുടെയും അതു രണ്ടിലും അവന്‍ വ്യാപിപ്പിച്ച ജീവികളുടെയും (ദാബ) സൃഷ്ടിപ്പ് അവന്‍റെ അടയാളങ്ങളില്‍ പെട്ടതാണ്. അവന്‍ ഉദ്ദേശിക്കുമ്പോള്‍ അവയെ ഒരുമിച്ചു കൂട്ടുവാന്‍ അവന്‍ കഴിവുള്ളവനത്രേ (42:29).

'ദാബ' എന്നത് ഭൂമിയുടെ ഉപരിതലത്തില്‍ ഇഴയുകയും ചരിക്കുകയും ചെയ്യുന്ന എല്ലാ ജീവികള്‍ക്കുമുള്ള പേരാണ്. നീന്തുകയും പറക്കുകയും ചെയ്യുന്ന ജീവികള്‍ ഇതില്‍ പെടില്ല. ഏതെങ്കിലും ആത്മീയ ജീവികളെയും ആ പദം കൊണ്ട് വിശേഷിപ്പിക്കാറില്ല. അറബിയില്‍ ഒരു പ്രേതത്തെ 'ദാബത്ത്' എന്ന് പറയാറില്ല. ആ അര്‍ഥത്തില്‍ മലക്കുകളും (മാലാഖ) 'ദാബത്ത്' എന്ന പദത്തിന്‍റെ പരിധിയില്‍ വരുന്നില്ല. ഈ വചനത്തിന്‍റെ രണ്ടാം ഭാഗത്തില്‍ ഭൗമേതര ജീവികളുടെ സാധ്യത പറയുക മാത്രമല്ല അവ നിലനില്‍ക്കുന്നു എന്ന് അസന്നിഗ്ദ്ധമായി പ്രഖ്യാപിക്കുകയും ചെയ്യുന്നു. ആധുനിക ശാസ്ത്ര ഗവേഷകന്മാര്‍ക്കുപോലും ഇന്നുവരെ ഉറപ്പിച്ചു പറയാന്‍ കഴിഞ്ഞിട്ടില്ലാത്ത ഒരവകാശവാദമാണിത്. ഇക്കാര്യം മാത്രമല്ല ആ വചനം വ്യക്തമാക്കുന്നത്. അത്ഭുതകരമെന്നു പറയട്ടേ, ഈ വചനത്തിന്‍റെ അവസാന ഭാഗത്ത് അല്ലാഹു ഉദ്ധേശിക്കുമ്പോള്‍ ആകാശത്തും ഭൂമിയിലും ഉള്ള ജീവികളെ ഒരുമിച്ചു കൂട്ടും എന്നും നാം വായിക്കുന്നു.

"അവനുദ്ധേശിക്കുമ്പോള്‍ അവയെ ഒരുമിച്ചു കൂട്ടുവാന്‍ അവന്‍ കഴിവുള്ളവന ത്രേ" (42:29)

'ജം‌ഇഹിം' എന്ന അറബി പദം ഭൂമിയിലോ മറ്റെവിടെയെങ്കിലുമോ ഉള്ള ജീവികളെ ഒരുമിച്ചു ചേര്‍ക്കുന്നതിനെപ്പറ്റിയുള്ള വ്യക്തമായ പരാമര്‍ശമാണ്. ഈ രണ്ടു കൂട്ടരുടെയും സംഗമ സ്ഥലം എവിടെയാണെന്നോ എപ്പോഴാണെന്നോ ഇവിടെ വ്യക്തമാക്കിയിട്ടില്ല. ഒരു കാര്യം ഇവിടെ ഉറപ്പിച്ചു പറഞ്ഞിരിക്കുന്നു, ദൈവം ഇച്ഛിക്കുമ്പോഴാണ് അത് നടക്കുക എന്ന്. ശാരീരിക് കൂടിച്ചേരലിനും ആശയ വിനിമയത്തിലൂടെയുള്ള സമ്പര്‍ക്കത്തിനും 'ജമ' എന്ന പദം ഉപയോഗിക്കും എന്ന കാര്യം ഓര്‍ക്കുക. ഭാവി കലത്തിനു മാത്രമേ ഇത് എപ്പോള്‍ എങ്ങനെ സംഭവിക്കും എന്നു വ്യക്തമായി പറയാന്‍ സാധ്യമാകൂ. പക്ഷേ, പതിനഞ്ച് നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് അത്തരം ഒരു സാധ്യതെയെപ്പറ്റി പ്രവചിക്കുക എന്നത് പോലും അത്ഭുതകരമാണ് എന്നതാണ് വസ്തുത

2 comments:

  1. this is wrong you are asking to consider 7 as a imaginatory number and all other points as facts , either in a statement all should be accurate and true or all should be imaginatory or concept. and again you are misinterpreting another word , any animals which is not living in land ( you are interpreting the others are aliens, ) i think here it was just mentioning birds, not aliiens.

    ReplyDelete
  2. ഏഴ് എന്നത് ആധിക്യത്തെ കുറിക്കാന്‍ വണ്ടി അറബി ഭാഷയില്‍ സാധാരണയായി ഉപയോഗിക്കുന്ന പദമാണ് എന്നാണ് പറഞ്ഞത്; അല്ലാതെ സാങ്കല്പ്പിക (imaginatory) നമ്പര്‍ എന്നല്ല.

    താങ്കള്‍ പറഞ്ഞ്ത് പോലെ പക്ഷികള്‍ (BIRDS) അവിടെ ഉപയോഗിച്ചിരിക്കുന്ന 'ദാബ' എന്ന പദത്തിന്‍റെ വിവക്ഷയില്‍ വരില്ല.

    ReplyDelete