ദോഷബാധയെ സൂക്ഷിക്കുന്നവര്‍ക്ക് ഇത് മാര്‍ഗ്ഗദര്‍ശകമാകുന്നു. അദൃശ്യ യാഥാര്‍ഥ്യങ്ങളില്‍ വിശ്വസിക്കുകയും ചെയ്യുന്നവരത്രെഅവര്‍ (വിശുദ്ധ ഖുര്‍ആന്‍ 2:3,4.)
മേല്‍ ഉദ്ധരിച്ച ഖുര്‍ആനിക സൂക്തം സൂചിപ്പിക്കുന്നതുപോലെ അദൃശ്യ കാര്യങ്ങളില്‍ വിശ്വസിക്കുക എന്നത് ഇസ്‌ലാമിന്‍റെ അടിസ്ഥാന കാര്യമാണ്. ഖുര്‍ആന്‍ യുക്തിയുടെയും ബുദ്ധിയുടെയും ഗ്രന്ഥമാണ്. മനുഷ്യന്‍റെ ആദര്‍ശങ്ങളെയും വിശ്വാസങ്ങളെയും ശക്തി ഉപയോഗിച്ചു നിര്‍ബന്ധപൂര്വ്വം തിരുത്തുന്നതിനെ ഖുര്‍ആന്‍ അതിശക്തമായി അപലപിക്കുന്നു. അതിനാല്‍ അദൃശ്യകാര്യങ്ങളില്‍ വിശ്വസിക്കുക എന്നു പ്രഖ്യാപിച്ചുകൊണ്ട് ഖുര്‍ആന്‍ അന്ധവിശ്വാസത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്ന രീതിയില്‍ ഈ സൂക്തത്തെ വ്യാഖ്യാനിക്കുന്നത് ഖുര്‍ആനിക അദ്ധ്യാപനത്തിന് എതിരായിരിക്കും. നേരെ മറിച്ച്, തെളിവുകളുടെ പിന്‍ബലവും സുദൃഢ ന്യായീകരണവുമില്ലാതെ വ്യാജവിശ്വാസം പുലര്‍ത്തുന്നന്നവര്‍ അവിശ്വാസികളാണെന്നാണ് ഖുര്‍ആന്‍ ആരോപിക്കുന്നത്. മാത്രമല്ല, മൃഗീയമായ രീതിയില്‍ അന്യരുടെ വിശ്വാസങ്ങളെ മാറ്റുവാന്‍ ശ്രമിക്കുന്നവരെ ഖുര്‍ആന്‍ ആക്ഷേപിക്കുകയും ചെയ്യുന്നു. അങ്ങനെയെങ്കില്‍ പിന്നെ അദൃശ്യകാര്യങ്ങളില്‍ വിശ്വസിക്കുക എന്നതിന്‍റെ. വിവക്ഷ എന്താണ്? സവിസ്തരം പ്രതിപാദിക്കപ്പെടേണ്ട ഒരുവിഷയമാണിത്.
ഖുര്‍ആന്‍റെ ഒരു പ്രത്യേക ശൈലിയെന്ന നിലയ്ക്ക് ഈ പ്രയോഗത്തെക്കുറിച്ചു പഠിക്കേണ്ടിയിരിക്കുന്നു. ഇതിന്‍റെ യഥാര്‍ത്ഥ പൊരുള്‍ മനസ്സിലാ ക്കുന്നതില്‍ വരുത്തുന്ന വീഴ്ച മദ്ധ്യകാലത്തെ വിവിധ ചിന്താസരണികളില്‍ പ്പെട്ട മുസ്‌ലിം പണ്ഡിതന്‍മാര്‍ നടത്തിയ ചര്‍ച്ചകളില്‍ സംഭവിച്ചതുപോലുള്ള ഗൌരവാവഹമായ പ്രത്യാഘാതങ്ങള്‍ക്ക് കാരണമായിത്തീരാവുന്നതാണ്. കര്‍ക്കശക്കാരും അനുരഞ്ജന സ്വഭാവമില്ലാത്തവരുമായ ചില മുസ്‌ലിം പണ്ഡിതന്‍മാര്‍ വിശ്വാസ കാര്യങ്ങളില്‍ അല്‍പം പോലും യുക്തിജ്ഞാനം ഉപയോഗപ്പെടുത്തുന്നത് വിസമ്മതിക്കുന്നവരാണ്. അവരുടെ അഭിപ്രായത്തില്‍ വെളിപാടു സത്യങ്ങള്‍ പര്യാപ്തമായിരിക്കെ, യുക്തിപരമായ പരിശോധനകള്‍ കൂടാതെതന്നെ അവ സ്വീകരിക്കപ്പെടേണ്ടതാണ്. ഈ വീക്ഷണത്തെ എതിര്‍ക്കുന്നവരാകട്ടെ, ഓരോ നിര്‍ണ്ണായക ഘട്ടത്തിലും അന്ധമായ വിശ്വാസത്തേക്കാള്‍ യുക്തിക്ക് മുന്‍തൂക്കം നല്‍കികൊണ്ട്, യുക്തി അനുശാസിക്കും വിധം ഉറച്ചു നില്‍ക്കുവാന്‍ ബോധിപ്പിക്കുന്ന ധാരാളം ഖുര്‍ആനിക സൂക്തങ്ങള്‍ ഉദ്ധരിക്കു
എന്നാല്‍ എന്താണ് വിശ്വാസം? അന്വേഷണ ബോധത്തെ തൃപ്തിപ്പെടുത്താതെ എങ്ങനെയാണ് വിശ്വസി ക്കുക? സകല മതങ്ങളിലുമുള്‍പ്പെട്ട സാമാന്യജനങ്ങളില്‍ ഭൂരിഭാഗവും അവര്‍ വിശ്വസിക്കുന്നതിന്‍റെ അര്‍ത്ഥം ഗ്രഹിക്കാതെയാണ് വിശ്വസിക്കുന്നതെന്നത് ഒരു യാഥാര്‍ത്ഥ്യമാണല്ലോ. അവര്‍എങ്ങനെയോ വിശ്വസിക്കുവാനിടയായി. അതുകൊണ്ട് അവര്‍ വിശ്വസിക്കുന്നു. വിശ്വാസം വെച്ചുപുലര്‍ത്തുന്നതിന്‍റെ കാരണവും അതാണ്.
ഓരോരുത്തരുടെയും വിശ്വാസങ്ങള്‍ യുക്തിയുമായി തട്ടിച്ചു നോക്കേണ്ടതിന്‍റെ ആവശ്യകത അനിവാര്യമാക്കിത്തീര്‍ക്കുന്ന ഒരു പ്രതിസന്ധിയാണിത്. അവ തമ്മിലുള്ള പാരസ്പര്യംഏത് വിധത്തിലുള്ളതാണെന്ന് നിര്‍ണ്ണയം നടത്തേണ്ടത് സര്‍വ്വ പ്രധാനമായിത്തീരുന്നു.
ചില വസ്തുക്കളെക്കുറിച്ചുള്ള നമ്മുടെ അജ്ഞത കാരണം അങ്ങനെ യൊന്നിന്‍റെ അസ്തിത്വം തന്നെയില്ലന്ന് പറയുവാന്‍ തീര്‍ച്ചയായും സാദ്ധ്യമല്ല എന്ന കാര്യം ആദ്യമേ സൂചിപ്പിച്ചു കൊള്ളട്ടെ. അവ നിലവിലുള്ളതായിരിക്കും. ഒരു പക്ഷെ അജ്ഞതയുടെ തിരശ്ശീലക്ക് പിന്നില്‍ ഒളിഞ്ഞുകിടക്കുന്നതാവാം. എന്നാല്‍ ഭാവിയില്‍ മനുഷ്യഗവേഷണങ്ങള്‍ മൂലമോ, ദിവ്യവെളിപാടുകള്‍ മൂലമോ അദൃശ്യ മണ്ഡലത്തില്‍ നിന്ന് അവ ദൃശ്യമണ്ഡലത്തിലേക്ക് കടന്നുവരുന്നതാണ്
അദൃശ്യം എന്ന പദം വിപുലമായ അര്‍ത്ഥത്തില്‍, ദൃശ്യമല്ലാത്തതും കേള്‍ക്കാന്‍ സാദ്ധ്യമല്ലാത്തതുമായ സകലതിനേയും സൂചിപ്പിക്കുന്ന ഒന്നാണ്. മനുഷ്യന്‍റെ ഇന്ദ്രിയങ്ങളിലൂടെ ഗ്രഹണ സാദ്ധ്യമല്ലാത്ത സകലതും ഇതിന്‍റെ പരിധിയില്‍പെടുന്നു. ഈ അര്‍ത്ഥത്തില്‍ പഞ്ചേന്ദ്രിയങ്ങളുടെ ഗ്രാഹ്യത ക്കപ്പുറമുള്ള സകല അസ്തിത്വ രൂപ ങ്ങളും അദൃശ്യം എന്നതില്‍ ഉള്‍പ്പെടുന്നുവെന്ന് പറയാവുന്നതാണ്. അദൃശ്യ മണ്ഡലം എന്നെന്നും അപ്രാപ്യമായിത്തന്നെ നിലകൊള്ളണമെന്നില്ല. ഒരു പ്രത്യേക ഘട്ടത്തില്‍ അവ അപ്രാപ്യമാണെന്നു മാത്രമേ അതിന്നര്‍ത്ഥമുള്ളൂ.
ഭൂതം, വര്‍ത്തമാനം, ഭാവി എന്നീ കാലഘട്ടങ്ങളുമായി ബന്ധപ്പെട്ട ഗോചരീയ വസ്തുക്കളെക്കുറിച്ചുള്ള എല്ലാ ജ്ഞാനങ്ങളും ഈ ഗണത്തില്പെട്ടവയാണ്. മറ്റൊരു പ്രകാരത്തില്‍, അസ്തിത്വത്തിലുള്ള ഒരു വസ്തുവിനെക്കുറിച്ചുള്ള ജ്ഞാനം ഒരു നിശ്ചിത കാലഘട്ടത്തില്‍ അഗോചരമായിരിക്കാമെങ്കിലും സമയത്തിന്‍റെ മറ്റൊരു ബിന്ദുവില്‍ അത് ഇന്ദ്രിയഗോചരമായിത്തീര്‍ന്നേക്കാവുന്നതാണെന്നതുകൊണ്ടു അവയിലും നാം വിശ്വസിക്കേണ്ടിയിരിക്കുന്നു. ഈ വിശ്വാസത്തെ അന്ധമെന്നാക്ഷേപിച്ചു തള്ളിക്കളയാവുന്നതല്ല. അനിഷേധ്യമായ തെളിവുകളുടെ പിന്‍ബലമില്ലാത്ത യാതൊന്നിലും വിശ്വസിക്കുവാന്‍ ഖുര്‍ആന്‍ വിശ്വാസികളോട് ആവശ്യപ്പെടുന്നുമില്ല. അതിനാല്‍ ന്യായാന്യായ വിവേചനങ്ങളിലൂടെയും യുക്തിപൂര്‍വ്വമായ ചിന്തകളിലൂടെയും നിഗമനങ്ങളിലൂടെയും കണ്ടെത്താവുന്ന കാര്യങ്ങള്‍ മാത്രമാണ് അദൃശ്യമെന്ന് കൊണ്ടുദ്ദേശിക്കപ്പെട്ടിരിക്കുന്നത്. നേരിട്ട് ഇന്ദ്രിയഗോചരമല്ലാത്തവയും എന്നാല്‍ അവയെക്കുറിച്ച് സത്യാപനം ചെയ്യപ്പെടാവുന്നതുമായ കാര്യങ്ങളാണ് അദൃശ്യം എന്ന് നിര്‍വ്വചിക്കപ്പെട്ടിരിക്കുന്നതെന്ന് പ്രത്യേകം ശ്രദ്ധേയമാണ്. ഈ ഖുര്‍ആനിക ഉത്തരവിനാധാരമായ അടിസ്ഥാന തത്വങ്ങള്‍ പൂര്‍ണ്ണമായും മനുഷ്യന്‍റെ അനുഭവജ്ഞാനംകൊണ്ടു ശക്തമാക്കപ്പെട്ടവ തന്നെയാണ്.
പാദാര്‍ഥിക രൂപങ്ങളില്‍ നിലനില്ക്കു ന്ന വസ്തുക്കളില്‍ നല്ലൊരുഭാഗം നേരിട്ടു പരിശോധിക്കുവാന്‍ സാദ്ധ്യമല്ലാത്തവയാണ്. അവയുടെ അസ്തിത്വത്തെക്കുറിച്ചും ഭൌതിക ഗുണങ്ങളെക്കുറിച്ചുമുള്ള ജ്ഞാനം യുക്ത്യാനുസൃത നിഗമനങ്ങള്‍ കൊണ്ടോ അല്ലെങ്കില്‍ അവയെ സങ്കീര്‍ണ്ണമായ ഇലക്ട്രോണിക്ക് ഉപകരണങ്ങളുടെ സഹായത്താല്‍ ഇന്ദ്രിയഗോചരമാ ക്കിയോ മാത്രമേ ആര്‍ജ്ജിക്കാനാവുകയുള്ളൂ. ന്യൂട്രിനോകളും ആന്‍റി ന്യൂട്രിനോകളും എന്താണ്? ദ്രവ്യവും (Matter) പ്രതിദ്രവ്യവും (Antimatter) എന്താണ്? ബോസോണുകളും ആന്‍റി ബോസോണുകളും എന്താണ്? ഇത്തരം ചോദ്യങ്ങള്‍ക്കുള്ള ഉത്തരം നേരിട്ടുള്ള പരിശോധനകളിലൂടെ ലഭ്യമല്ല. എങ്കിലും അവയുടെ അസ്തിത്വത്തിന്‍റെ അദൃശ്യലോകം സാര്‍വ്വലൌകികമായി അംഗീകരിക്കപ്പെട്ട ഒരു യാഥാര്‍ഥ്യമാണ്.
ഇന്ദ്രിയങ്ങള്‍ മനുഷ്യ മസ്തിഷ്ക്കമാകുന്ന കമ്പ്യൂട്ടറിലൂടെ സംപ്രേക്ഷണം ചെയ്യപ്പെടുന്ന എല്ലാ സന്ദേശങ്ങളും സ്വീകരിക്കുകയും സങ്കലനം ചെയ്യുകയും ചെയ്യുന്ന മനസ്സാണ് ജീവിതത്തിന്റെ പരമമായ സത്ത എന്ന് നാമിവിടെ ഓര്‍ക്കേണ്ടതുണ്ട്. മനസ്സ് എന്നത് മനുഷ്യ മസ്തിഷ്ക്കത്തിന്‍റെ മറ്റൊരുപേരല്ല. അത് മസ്തിഷ്ക്കത്തിന്നതീതവും അതിന്‍റെ പ്രവര്‍ത്തനങ്ങളെ സ്വാധീനിക്കുകയും ചെയ്യുന്നതാണ്.
ബോധത്തിന്‍റെ, പ്രജ്ഞയുടെ, ആത്യന്തിക സ്ഥാനമാണ് മനസ്സ്. യുക്ത്യാധിഷ്ഠിതമായ നിഗമനം മനസ്സിന്‍റെ അത്ഭുതകരമായ കഴിവാണ്. മനസ്സിലേക്ക് വസ്തുതകള്‍ നല്ക പ്പെട്ടിട്ടില്ലാത്ത അവസരങ്ങളില്പോലും അത് സാങ്കല്പിക വിവരങ്ങള്‍ ഉപയോഗിച്ച് അതിന്‍റെ പ്രവര്‍ത്തനം തുടര്‍ന്നു കൊണ്ടിരിക്കും. മുമ്പുശേഖരിക്കപ്പെട്ട വിവരങ്ങള്‍ അയവിറക്കിക്കൊണ്ടു പ്രവര്‍ത്തിക്കുവാനുള്ള കഴിവും മനസ്സിനുണ്ട്. തീരുമാനങ്ങള്‍ കൈക്കൊള്ളുന്നത് മാനസിക തലത്തിലാണ്. മസ്തിഷ്ക്കം ഒരുഹര്‍ഡ്‌വെയര്‍ മാത്രമാണ്. ഓര്‍മ്മകളുടെ വെറുമൊരു സംഭരണശാല. കൂടാതെ മനസ്സിന് അനന്തത, അനശ്വരത തുടങ്ങിയ സാങ്കല്പ്പികവും അതിഭൌതികവുമായ കാര്യങ്ങളെക്കുറിച്ചും ചിന്തിക്കുവാനുള്ള കഴിവുണ്ട്. കാര്യകാരണ ബന്ധങ്ങളുടെ പ്രത്യക്ഷത്തില്‍ അനന്തമായ സംഭവപരമ്പരകളിലെ ദുര്‍ജ്ഞേയത നിര്‍ദ്ധരിക്കുവാന്‍ മനസ്സ് ശ്രമിക്കുന്നു.
ഒരു പ്രത്യേക വസ്തു എവിടെ നിന്നാരംഭിച്ചു? എല്ലാ പ്രാരംഭങ്ങള്‍ക്കു മപ്പുറമെന്ത്? സകല കാരണങ്ങള്‍ക്കും മുമ്പ് ഒരു ആദികാരണമുണ്ടായിരു ന്നുവോ? ഉണ്ടായിരുന്നുവെങ്കില്‍ ആ ആദികാരണം സജീവവും സചേതന വുമായിരുന്നുവോ? അതോ നിര്‍ജ്ജീവവും ചിന്താശൂന്യവുമായിരുന്നുവോ? ആദികാരണം പ്രജ്ഞാശൂന്യവും നി ര്‍ജ്ജീവവുമായിരിക്കാന്‍ സാദ്ധ്യതയില്ലന്ന യുക്തിസഹമായ തീരുമാനത്തിലാണ് മനസ്സ് ചെന്നെത്തുന്നത്.
മരണത്തിന് ജീവന്‍ സംജാതമാക്കുവാന്‍ സാധിക്കുമോ? അബോധാവസ്ഥ സുബോധാവസ്ഥക്ക് ജന്മം നല്കുമോ? കേവല മസ്തിഷ്ക്ക പിണ്ഡം കൊണ്ട ല്ലാതെ, മനസ്സ്‌കൊണ്ടു മാത്രം ഉത്തരംകണ്ടെത്തേണ്ട വിഷയങ്ങളാണിവ. അങ്ങനെ മനസ്സ് ചിലപ്പോള്‍ സൈദ്ധാ ന്തികാഭ്യാസങ്ങളിലൂടെയും മറ്റു ചിലി പ്പാള്‍ വസ്തുതാപരമായ അടിസ്ഥാന വിവരങ്ങള്‍ സൂക്ഷ്മ പരിശോധന നട ത്തിയും നെല്ലും പതിരും വേര്‍തിരിച്ച് യുക്തിയുക്തമായ തീരുമാനം കൈക്കൊള്ളുന്നു. നമ്മോടൊപ്പം സഹവര്ത്തി ക്കുന്ന എല്ലാവിധ വിദ്യുത് കാന്തിക തരംഗങ്ങളേയും മനഃദൃഷ്ട (Visualize) മാക്കുവാന്‍ നമുക്ക് കഴിയുന്നു. എന്നാല്‍ അവയുടെ സാന്നിദ്ധ്യത്തെക്കുറിച്ച് മനുഷ്യന് അവന്റെ കേള്‍വി , ദര്‍ശനം, രുചി, ഗന്ധം അതുമല്ലെങ്കില്‍ സ്പര്‍ശനം എന്നീ ജ്ഞാനേ ന്ദ്രീയങ്ങളിലൂടെ മനസ്സിലാക്കുവാന്‍ ഒരിക്കലും സാദ്ധ്യമല്ല. അവയെ റേഡിയോവിലൂടെയും ടെലിവിഷനിലൂടെയും ദൃശ്യ ശ്രവണ യോഗ്യമായ കമ്പന സിഗ്നലുകള്‍ ആക്കി മാറ്റിയാല്‍ മാത്രമേ നമുക്കവയെ കാണുവാനും കേള്ക്കു വാനും സാദ്ധ്യമാവുകയുള്ളൂ. എങ്കില്‍ പോലും ഈ വൈദ്യുത കമ്പ നകോഡുകള്‍ സാധാരണ ശബ്ദവും ചിത്രങ്ങളും മറ്റു സജീവ പ്രതിഭാസമാക്കി മാറ്റുന്നതിന്‍റെ പരിപൂര്‍ണ്ണ ഉത്തരവാദിത്വം മനുഷ്യമനസ്സിന് തന്നെയാ ണുള്ളതെന്ന് അന്തിമാപഗ്രഥനത്തില്‍ മനസ്സിലാക്കാവുന്നതാണ്. ടെലിവിഷെന്‍റെ പരന്ന പ്രതലത്തില്‍ നാം കാണുന്ന കേവലചിത്രങ്ങളേക്കാള്‍, പ്രത്യക്ഷപ്പെടുന്ന കേവല ദര്‍ശന പ്രതിബിംബങ്ങളെക്കാള്‍ വളരെയേറെ ഭാവാത്മകമായി മനസ്സ് ദര്‍ശിക്കുന്നു. ടെലിവിഷന്‍ ചിത്രങ്ങള്‍ സാര്ത്ഥകമായ ഒരു ആശയമായി വികസിക്കുന്നതിന് മുമ്പ് സ്ക്രീനിലെ കാഴ്ചകള്‍ക്കപ്പുറം മനസ്സ് ധാരാളം അദൃശ്യമായ അര്‍ഥങ്ങള്‍ അതിനോട് കൂട്ടിച്ചേര്‍ക്കുന്നു. (അവസാനിക്കുന്നില്ല)
Thursday, April 29, 2010
Subscribe to:
Post Comments (Atom)
No comments:
Post a Comment